മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിൽ നിന്ന് യു.എ.ഇയിലേക്ക് പോകുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ ലേഡീസ് വിങ് സെക്രട്ടറി ജിൽഷാ സമീഹിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സമീഹിനും യാത്രയയപ്പ് നൽകി. നിയാർക്ക് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
നവംബർ മുതൽ ഒരു വർഷത്തേക്ക് നിയാർക്കിലെ അഞ്ച് കുട്ടികൾക്ക് നൽകുന്ന സാമ്പത്തിക സഹായവും തുടർപ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. നേരത്തെ 20 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള സഹായം ചാപ്റ്റർ നൽകിയിരുന്നു.
ചെയർമാൻ ഫറൂഖ് കെ.കെ. അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ഇല്യാസ് കൈനോത്ത് സ്വാഗതവും ട്രഷറർ അനസ് ഹബീബ് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ കെ.ടി. സലിം, അസീൽ അബ്ദുൽറഹ്മാൻ, നൗഷാദ് ടി.പി., വൈസ് ചെയർമാൻ സുജിത്ത് പിള്ള, ലേഡീസ് വിങ് പ്രസിഡന്റ് അഭി ഫിറോസ്, രക്ഷാധികാരികളായ ജമീല അബ്ദുൽറഹ്മാൻ, ആബിദ ഹനീഫ്, കോർഡിനേറ്റർ ഷമീമ, ട്രഷറർ സാലിഹ ബഷീർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

