തിരുവനന്തപുരം: ആറുവർഷം മുമ്പ് 15കാരിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മംഗലയ്ക്കൽ ഊറ്റുകുഴി പാപ്പനത്ത് സുശീലനാണ് പ്രതി. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2020-ൽ കോവിഡ് കാലത്ത് പ്രാർഥനയ്ക്കായി അതിജീവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് കേസ്. കുട്ടിയുടെ മാതാവ് അടുക്കളയിലായിരുന്ന സമയത്ത് കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കുകയായിരുന്നു. മാതാവിന്റെ ബന്ധുവായ പ്രതിയെക്കുറിച്ച് ഭയന്നതിനാൽ കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പരാതി നൽകി.

