മോദി സർക്കാർ ലഹരിക്കെതിരെ മറ്റൊരു ശക്തമായ നടപടി സ്വീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ ഒക്ടോബർ 23-ന് അസം, മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളിൽ വിവിധ ഏജൻസികൾ ഒരേസമയം റെയ്ഡ് നടത്തിയെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ തകർത്തുവെന്നും അദ്ദേഹം അറിയിച്ചു.
റെയ്ഡിൽ 100 കോടി രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തി. 1,424 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 17.82 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. 500 ഡിറ്റണേറ്ററുകളും 12 ലക്ഷം രൂപയും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തതായും അമിത് ഷാ പറഞ്ഞു.
ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അതിർത്തികൾ കടന്നുള്ള ‘ഡെത്ത് ട്രയാംഗിൾ കോറിഡോർ’ വഴിയാണ് ശൃംഖല ലഹരിവസ്തുക്കൾ കടത്തിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2029 ഡിസംബർ 31-നകം രാജ്യത്തെ ലഹരിശൃംഖലകൾ തുടച്ചുനീക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയമാണ് നടപടിയിലൂടെ വ്യക്തമാകുന്നതെന്നും ലഹരിമാഫിയയ്ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷനിൽ പങ്കെടുത്ത കേന്ദ്ര ഏജൻസികളെയും മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

