ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി സുപ്രീം കോടതി വീണ്ടും നിർദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഉപയോഗിക്കുന്ന ‘മ്യൂൾ അക്കൗണ്ടുകൾ’ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) നാലാഴ്ചയ്ക്കകം തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് കോടതി നിർദേശിച്ചു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ വേഗത്തിൽ തീരുമാനമെടുക്കാനും നിർദേശമുണ്ട്.
ടെലികോം സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഓഡിയോ, വീഡിയോ കോളുകൾക്ക് സമയപരിധി ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തട്ടിപ്പുകൾ തടയുന്നതിനും ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

