ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിർദിഷ്ട 11,200 മെഗാവാട്ട് സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെയും രണ്ട് എംഎൽഎമാരുടെയും വീടുകൾ തകർത്തു കൊള്ളയടിച്ചു. ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ (എൻഎച്ച്പിസി) ഓഫീസിനും പൊലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച അക്രമത്തിൽ കല്ലേറേറ്റ് 40-ലധികം പൊലീസ് ഉദ്യോഗസ്ഥർക്കും കേന്ദ്രസേനാംഗങ്ങൾക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡിവൈഎസ്പിയെ ദിബ്രുഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഉദ്യോഗസ്ഥരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും കല്ലേറുണ്ടായി. ടിയർ ഗ്യാസ് ഷെൽ പതിച്ച് ഒരു പ്രതിഷേധക്കാരനും പരിക്കേറ്റിട്ടുണ്ട്.
സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് പാസിഘട്ട്, മേബോ, റുക്സിൻ മേഖലകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി.
‘ആദി ബാനെ കെബാങ് യുണൈറ്റഡ്’ ഉൾപ്പെടെയുള്ള സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് അവസാനിച്ചതിനു പിന്നാലെയാണ് ഒരു സംഘം യുവാക്കൾ പാസിഘട്ട്–ബോലെങ് ദേശീയപാത ഉപരോധിച്ച് അനിശ്ചിതകാല ധർണ തുടങ്ങിയത്. രാത്രിയോടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി പേമ ഖണ്ഡു ആശങ്ക രേഖപ്പെടുത്തി. ബന്ധപ്പെട്ട സംഘടനകളുമായി വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

