ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്ന് ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ തുടങ്ങിയ പ്രമുഖ മദ്യ ബ്രാൻഡുകളുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലബോറട്ടറി പരിശോധനകളിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
യുണൈറ്റഡ് സ്പിരിറ്റ്സ് മധ്യപ്രദേശിൽ നിർമിക്കുന്ന ആന്റിക്വിറ്റി ബ്ലൂ, റോയൽ ചലഞ്ച് വിസ്കികളുടെ ചില വകഭേദങ്ങൾ; ഇൻബ്രൂ ബിവറേജസ് നിർമിക്കുന്ന ബാഗ് പൈപ്പർ ഡീലക്സ് വിസ്കി, ഓൾഡ് കാസ്ക് ഡീലക്സ് റം; മഹാരാഷ്ട്രയിലെ മോഹൻ റോക്കി സ്പ്രിങ് വാട്ടർ നിർമിക്കുന്ന ഓൾഡ് മങ്ക് റമ്മിന്റെ മൂന്ന് വകഭേദങ്ങൾ എന്നിവയാണ് വിലക്കിൽ ഉൾപ്പെട്ടിരിക്കുന്നത്.
സ്വാഭാവിക ചേരുവകളിലൂടെയും അംഗീകൃത നിർമാണ പ്രക്രിയയിലൂടെയും രുചിയും മണവും കൈവരിക്കുന്നതിനു പകരം ഉൽപ്പന്നങ്ങളിൽ കൃത്രിമ ഫ്ലേവറുകൾ ഉപയോഗിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ. മദ്യനിർമാണത്തിൽ സ്വാഭാവിക ചേരുവകൾ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, റമ്മിൽ പുറത്തുനിന്നുള്ള റം ഫ്ലേവറും വിസ്കിയിൽ വിസ്കി ഫ്ലേവറും ചേർക്കുന്നത് അംഗീകൃത നിർമാണരീതിയല്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.
കരിമ്പ്, മാൾട്ട്, മുന്തിരി തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചുള്ള സ്വാഭാവിക നിർമാണപ്രക്രിയ മറികടക്കാനാണ് കൃത്രിമ മാർഗങ്ങൾ സ്വീകരിച്ചതെന്നും പരിശോധനയ്ക്ക് വിധേയമായ ഉൽപ്പന്നങ്ങൾ നിലവാരമില്ലാത്തവയാണെന്നും അതോറിറ്റി വിലയിരുത്തി.
ഏകദേശം ₹3.3 ലക്ഷം കോടി വാർഷിക വിറ്റുവരവുള്ള ഇന്ത്യയിലെ മദ്യവിപണിയിൽ പ്രമുഖ ബ്രാൻഡുകൾക്കെതിരായ നടപടി ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള ചട്ടങ്ങൾ ഇത്തരം ഫ്ലേവറുകളുടെ ഉപയോഗം അനുവദിക്കുന്നുണ്ടെന്നാണ് വ്യവസായ മേഖലയിലെ ചില വിദഗ്ധരുടെ വാദം.
.

