
തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് രൂപപ്പെട്ട സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് സേനകൾ രക്ഷാപ്രവർത്തന രംഗത്തുണ്ട്.
സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് കഴിഞ്ഞ മാസം 30 മുതൽ തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 165 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴെയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാത്രിസമയങ്ങളിൽ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുണ്ടോയെന്നത് നേരിട്ട് പരിശോധിക്കും. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയും നിരീക്ഷണവും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾക്കായി 10,000 രൂപ വീതം നൽകും. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തരസഹായം അനുവദിക്കും. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി അവസാനിക്കുന്നതുവരെ 300 രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


