
ന്യൂഡൽഹി: സസ്പെൻഷൻ നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ സമർപ്പിച്ച ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) തള്ളി. സസ്പെൻഷൻ ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല.
സസ്പെൻഷൻ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ (DGP) നിയമിക്കാനിരിക്കെ, അടിയന്തര പരിഗണന ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
തന്നേക്കാൾ ജൂനിയറായ ഉദ്യോഗസ്ഥരെ ഡിജിപിയായി നിയമിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷൻ തടയണമെന്നും അജിത് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടു.

ഹർജിയിൽ മൂന്ന് മണിക്കൂറിലേറെ വാദം കേട്ട ട്രൈബ്യൂണലിൽ, സസ്പെൻഷൻ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് അജിത് കുമാർ വാദിച്ചു. ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിൽ ഒപ്പുവെച്ചതെന്നും, എന്നാൽ ചുമതലയുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ (GAD) ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സസ്പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, എം.ആർ. അജിത് കുമാർ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടയാളാണെന്നാണ് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും, ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിലൂടെ ഇരകൾക്ക് നീതി നിഷേധിച്ചെന്നും സർക്കാർ ആരോപിച്ചു.
പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ട സാഹചര്യത്തിൽ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും, എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെടാൻ യോഗ്യനല്ലെന്നുമാണ് സർക്കാരിന്റെ വാദം. ഹർജിയിലെ ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് സസ്പെൻഷന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ട്രൈബ്യൂണൽ തള്ളിയത്.


