
അഖിൽ മാരാർക്ക് തൃപ്പൂണിത്തുറ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം തള്ളി ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബ്. അഖിൽ മാരാരുടെ ആവശ്യങ്ങൾ എഴുതി ഒപ്പിട്ട് വാങ്ങിയിരുന്നെന്നും അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം പൂർണമായി നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന അഖിൽ മാരാരെ എൻഡിഎയിലെ വിവിധ വിഭാഗങ്ങൾ സമീപിച്ചുവെന്ന വാദവും സാബു ജേക്കബ് നിഷേധിച്ചു. കൊട്ടാരക്കര സീറ്റിൽ അഖിലിന് താത്പര്യമുണ്ടെന്ന് അറിയിച്ച് മറ്റൊരാൾ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കൊട്ടാരക്കര മണ്ഡലം ആദ്യം ട്വന്റി20യുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. മണ്ഡലത്തിൽ പാർട്ടിക്ക് കമ്മിറ്റികൾ ഇല്ലാത്തതിനാലായിരുന്നു ഇത്. പിന്നീട് എൻഡിഎ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ സീറ്റ് ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അഖിൽ മാരാരെ വിവരം അറിയിച്ചത്. എന്നാൽ കോൺഗ്രസിൽനിന്ന് ആർ. രശ്മി ബിജെപിയിൽ ചേർന്നതോടെ കൊട്ടാരക്കര സീറ്റ് എൻഡിഎ തിരിച്ചെടുത്തുവെന്നും സാബു ജേക്കബ് പറഞ്ഞു.
ഇതിനു പകരമായി അഖിലിന് തൃക്കാക്കര സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അഖിൽ തൃപ്പൂണിത്തുറ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ ട്വന്റി20യ്ക്ക് അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. അതിനാൽ ആ സീറ്റ് നൽകാമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
തൃക്കാക്കരയിലെ എൻഡിഎ ഓഫീസിൽവെച്ച് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. തർക്കം തന്നോടല്ല, എൻഡിഎ വൈസ് പ്രസിഡന്റുമായിട്ടായിരുന്നുവെന്നാണ് വിശദീകരണം.
“അഖിൽ മത്സരിക്കേണ്ടെന്നാണ് അപ്പോൾ ഞാൻ പറഞ്ഞത്. അത് എല്ലാവർക്കും നല്ലതാണെന്നും പറഞ്ഞു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നിലപാട് മാറി. പിന്നീട് കരച്ചിലും കാലുപിടിത്തവുമായി. പറഞ്ഞത് തെറ്റായിപ്പോയെന്ന് അഖിൽ സമ്മതിച്ചു,” സാബു ജേക്കബ് അവകാശപ്പെട്ടു.
ഇതിനെത്തുടർന്നാണ് അഖിലിന്റെ ആവശ്യങ്ങളെല്ലാം എഴുതി ഒപ്പിട്ട് വാങ്ങിയതെന്നും മറ്റൊരു സ്ഥാനാർഥിയോടും അത്തരത്തിൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിൽ ആവശ്യപ്പെട്ട കാര്യങ്ങൾ പൂർണമായി നടപ്പാക്കിയെന്നും സ്ഥാനാർഥിത്വം ആരുടെമേലും നിർബന്ധിച്ച് അടിച്ചേൽപ്പിച്ചിട്ടില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
അഖിൽ കാര്യങ്ങൾ പഠിച്ച് നന്നായി ചെയ്യുന്ന കഴിവുള്ളയാളാണെങ്കിലും പെട്ടെന്ന് വികാരാധീനനാകുകയും പരിസരബോധമില്ലാതെ മറ്റുള്ളവരോട് മോശമായി സംസാരിക്കുകയും ചെയ്യാറുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു. ഇക്കാരണങ്ങളാലാണ് കൊല്ലം ജില്ലയുടെ സംഘടനാ ചുമതല നൽകാനുള്ള നീക്കം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവും കെട്ടിവെക്കേണ്ട തുകയും ട്വന്റി20യാണ് വഹിക്കുന്നതെന്നും അഖിൽ മാരാരുടെ കാര്യത്തിലും ഇതിൽ മാറ്റമുണ്ടായിട്ടില്ലെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.


