ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമുണ്ടെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസിന്റെ നിർമിതബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിലൂടെ നടത്തിയ പരിശോധനയിൽ ക്രിമിനൽ റെക്കോർഡുള്ള 2,873 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം.
ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS), ഏകീകൃത ബയോമെട്രിക് ക്രിമിനൽ ഡാറ്റാബേസായ ‘ക്രൈം കുണ്ഡ്ലി’, ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടികകൾ എന്നിവ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. തിരിച്ചറിഞ്ഞവരിൽ 989 പേർക്ക് ഗുരുതര ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
ഔട്ടർ ഡൽഹി, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ്, സൗത്ത് വെസ്റ്റ്, റെയിൽവേസ് പൊലീസ് ജില്ലകൾ എന്നിവിടങ്ങളിലെ വിവിധ കേസുകളിൽ ഉൾപ്പെട്ടവരെ പ്രതിഷേധത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
തിരിച്ചറിഞ്ഞവരിൽ:
- കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവർ – 101
- വധശ്രമക്കേസുകളിൽ ഉൾപ്പെട്ടവർ – 62
- കവർച്ച, കൊള്ള കേസുകളിൽ ഉൾപ്പെട്ടവർ – 284
- പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടവർ – 135
- ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടവർ – 61
- പീഡനക്കേസുകളിൽ ഉൾപ്പെട്ടവർ – 25
- പോക്സോ കേസുകളിൽ ഉൾപ്പെട്ടവർ – 6
കൂടാതെ, 229 പേർ ആയുധനിയമപ്രകാരമുള്ള കേസുകളിലും 67 പേർ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകളിലും ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കവർച്ച, കൊള്ള കേസുകളുമായി ബന്ധപ്പെട്ടവരിൽ 155 പേർ ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെന്നും ഇവരിൽ 31 പേർക്കെതിരെ പത്തിലധികം കേസുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

