
പത്തനംതിട്ട: വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചിറ്റാർ സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആളൊഴിഞ്ഞ വീടിന് സമീപമുള്ള കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും പൊലീസും ചേർന്ന് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്ദീപിന് വിവാഹിതയായ യുവതിയുമായി അടുപ്പമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കളാണ് കൊല നടത്തിയതെന്നും സന്ദീപിന്റെ പിതാവ് സദാനന്ദൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണൻകുട്ടിയും ഗോപിയും പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സന്ദീപിനെ കണ്ടെത്തിയ സ്ഥലത്ത് പ്രതികളുടെ സാന്നിധ്യം പൊലീസ് കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ക്രൂരമായ മർദനമേറ്റാണ് സന്ദീപ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നാടൻ തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ ആംസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


