
തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആക്കുളത്തെ വസതിയിലെത്തി അടൂർ ഗോപാലകൃഷ്ണന് തൂഫാൻ വാറിയർ ബാഡ്ജ് സമ്മാനിച്ചു.

ലോകപ്രശസ്തനായ അടൂർ ഗോപാലകൃഷ്ണനെപ്പോലുള്ള പ്രഗൽഭർ തൂഫാൻ വാറിയർമാരാകുമ്പോൾ അത് സമൂഹത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മാതൃകയാക്കി നിരവധി പേർ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകും. സിനിമാ മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണ യുവജനങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി എത്തിക്കാൻ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കടത്തിൽ പിടിക്കപ്പെടുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും, ഇത്തരം കേസുകളിൽ നീതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ അവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മന്ത്രി ആകുന്നതിന് മുമ്പുതന്നെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നയാളാണ് രമേശ് ചെന്നിത്തലയെന്നും, ആഭ്യന്തരമന്ത്രിയായശേഷം ആ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ പിന്തുണയും അടൂർ ഉറപ്പു നൽകി. മുതിർന്ന കോൺഗ്രസ് നേതാവ് പാലോട് രവിയും ചടങ്ങിൽ പങ്കെടുത്തു.


