
തൃശൂർ: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.
സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 20 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു.
ഇതിനു പിന്നാലെ ഗുരുവായൂർ പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, ലക്ഷ്യമിട്ടിരുന്ന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.


