തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ തള്ളി സമരസമിതി സെക്രട്ടറി എസ്. വളർമതി. വിദ്യാഭ്യാസമന്ത്രി സമരക്കാരുമായി എട്ടുതവണ ചർച്ച നടത്തിയെന്നും അഞ്ചിൽ നാല് ആവശ്യങ്ങൾ അംഗീകരിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് അവർ പറഞ്ഞു.
“എട്ടുതവണ വിദ്യാഭ്യാസമന്ത്രി കണ്ടത് ആരെയാണ്? നടപടി എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവ് പുറത്തുവിടണം. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാരസമരം തുടരും,” വളർമതി പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോൾ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടവർ ഇപ്പോൾ അത് പെട്ടെന്ന് എങ്ങനെ കുറയ്ക്കാനാകുമെന്ന് ചോദിക്കുകയാണെന്നും അവർ വിമർശിച്ചു. അനുപാതം കുറച്ചില്ലെങ്കിൽ റാങ്ക് പട്ടികയിലുള്ള ഒരാൾക്കുപോലും ഇനി നിയമനം ലഭിക്കില്ലെന്നും വളർമതി പറഞ്ഞു.
സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം അംഗീകരിച്ചെന്നും വിദ്യാഭ്യാസമന്ത്രി അവരുമായി എട്ടുതവണ ചർച്ച നടത്തിയെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. അധ്യാപക-വിദ്യാർഥി അനുപാതം പെട്ടെന്ന് 1:25 ആക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അഞ്ചുവർഷം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാതിരുന്നവരാണ് ഇപ്പോൾ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിന്റെ ചിത്രവുമായി നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സംസ്ഥാനത്തെ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എൽ.പി.എസ്.ടി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനാണ് സമരം നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണെന്ന് ആരോപിച്ച് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ പറഞ്ഞു.

