
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്.
ചടങ്ങിനായി കുടുംബസമേതം ഡൽഹിയിലെത്തിയ മമ്മൂട്ടി, പുരസ്കാരം സ്വീകരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്തു. തുടർന്ന് രാഷ്ട്രപതിക്കരികിലെത്തി ബഹുമതി സ്വീകരിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങിൽ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. കൂടാതെ, കെ.ടി. തോമസ്, പി. നാരായണൻ എന്നിവർ രാഷ്ട്രപതിയിൽ നിന്ന് പത്മവിഭൂഷൺ ബഹുമതി സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പത്മ പുരസ്കാരങ്ങൾ നൽകുന്നത്.


