തിരുവനന്തപുരം: പ്രവാസി കേരളീയർക്കായുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ 2026–27 വർഷത്തെ എൻറോൾമെന്റ് പോർട്ടൽ പ്രവർത്തനം തുടങ്ങി. നിലവിലെ അംഗങ്ങൾക്ക് പോളിസി പുതുക്കാനും പുതിയ അംഗത്വമെടുക്കാനും നവംബർ 30 വരെ അവസരമുണ്ട്.
മൂന്നു ലക്ഷം, അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ എട്ട് പരിരക്ഷാ സ്ലാബുകളാണ് പദ്ധതിയിലുള്ളത്. 2026 നവംബർ 1 മുതൽ 2027 ഒക്ടോബർ 31 വരെയാണ് പോളിസി കാലാവധി. മൂന്നു ലക്ഷം രൂപ മുതലുള്ള പദ്ധതികളിൽ പോളിസി ഉടമയ്ക്കും പങ്കാളിക്കും പുറമേ മാതാപിതാക്കളെ ഉൾപ്പെടുത്താനുള്ള സൗകര്യമുണ്ട്. നിലവിലുള്ള രോഗങ്ങൾക്ക് ആദ്യ ദിവസം മുതൽ പരിരക്ഷ ലഭിക്കും. ചികിത്സാ പരിരക്ഷ ഇന്ത്യയ്ക്കുള്ളിൽ മാത്രമാണ്.
സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻ.ആർ.കെ. ഐഡി കാർഡുകളുള്ള പ്രവാസി കേരളീയർക്ക് പദ്ധതിയിൽ ചേരാം. പോളിസി ഉടമയുടെ പ്രായം അനുസരിച്ചാണ് പ്രീമിയം കണക്കാക്കുന്നത്. ഓൺലൈൻ എൻറോൾമെന്റ്, ഇ-കാർഡ് ഡൗൺലോഡ്, പേയ്മെന്റ് രസീത്, റീഇംബേഴ്സ്മെന്റ് ക്ലെയിം ഫോമുകൾ, ക്യാഷ്ലെസ് ആശുപത്രികളുടെ പട്ടിക, ക്ലെയിമുകളുടെ സ്ഥിതി പരിശോധിക്കൽ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ പുതുക്കൽ എന്നിവ വെബ് പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാണ്. ഡോക്ടർ കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി, വെൽനസ് സ്റ്റോർ സേവനങ്ങളും ആപ്പിലൂടെ ലഭിക്കും.
സപ്പോർട്ട് ടിക്കറ്റ് നൽകാനും തിരിച്ചുവിളിക്കൽ ആവശ്യപ്പെടാനും ആപ്പിൽ സൗകര്യമുണ്ട്. അടിയന്തരാവശ്യങ്ങൾക്ക് ലൈവ് ലൊക്കേഷൻ പങ്കുവെക്കുന്ന എസ്.ഒ.എസ്. സംവിധാനവും ആംബുലൻസ് സഹായം അഭ്യർഥിക്കാനുള്ള സൗകര്യവുമുണ്ട്. ആംബുലൻസ് സേവനം ലഭ്യതയ്ക്കും സ്ഥലത്തിനും അനുസരിച്ച് പണം ഈടാക്കിയേക്കാം.
നോർക്ക കെയർ സംബന്ധിച്ച സംശയങ്ങൾക്കും ക്ലെയിം സഹായത്തിനും ഇന്ത്യയിൽനിന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ 24 മണിക്കൂറും ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം: 1860 4191 401, 1860 4191 402. വിദേശത്തുള്ള അംഗങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഇന്ത്യൻ സമയം രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ ആപ്പിലെ ഇൻ-ആപ്പ് കോൾ സൗകര്യവും ലഭ്യമാണ്.

