
മനാമ: ആശൂറ സീസണിൽ സമൂഹ സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഭാഗമായി അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മനാമയിൽ ആശൂറ മെഡിക്കൽ ക്ലിനിക് ഔദ്യോഗികമായി ആരംഭിച്ചു.

ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സിഇഒ ഡോ. എജലാൽ ഫൈസൽ അൽ അലവി, വിവിധ ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി നേതാക്കൾ, സംഘാടക സമിതി പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

തുടർച്ചയായ നാലാം വർഷമാണ് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ആശൂറ സമയത്ത് മെഡിക്കൽ ക്ലിനിക് ആരംഭിക്കുന്നത്. മതപരമായ ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവർക്കും വിലാപയാത്രക്കാർക്കും അവശ്യ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക് പ്രവർത്തിക്കുന്നത്.

മുഹറം 6 മുതൽ മുഹറം 10 വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ പുലർച്ചെ 2 വരെ ക്ലിനിക് സേവനം ലഭ്യമാകും. ഡോക്ടർമാർ, നഴ്സുമാർ, യോഗ്യതയുള്ള ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രത്യേക സംഘം സേവനങ്ങൾ നൽകും.

പ്രാഥമിക മെഡിക്കൽ കൺസൾട്ടേഷൻ, പ്രഥമശുശ്രൂഷ, അടിയന്തര സാഹചര്യമാനേജ്മെന്റ്, ആവശ്യമായ ആരോഗ്യ പിന്തുണ എന്നിവ ക്ലിനിക്കിലൂടെ ലഭ്യമാക്കും.


