
കോട്ടയം: ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്സൊന്നുമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. അതിനെ രാഷ്ട്രീയമായി അവര്‍ കണ്ടില്ല. അതിനായി ഒരു ടൂളായി കണ്ടത് കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങള്‍ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് വോട്ടു ചെയ്തതെന്ന് ആരും ധരിക്കേണ്ട. കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചില്ല എന്നൊന്നും പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് ഭരണം അവസാനം വന്നപ്പോള്‍ മാറേണ്ടതായിരുന്നു എന്നു തോന്നിയിരുന്നു. അക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ഇടതു സര്‍ക്കാരുമായി സൗഹൃദത്തിലായിരുന്നു. എന്‍എസ്എസ് സമദൂരം പാലിച്ചാണ് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്, അവരുടേയാ ഇക്വേഷന്‍സ് നോക്കി മന്ത്രിസഭയുണ്ടാക്കട്ടെ. അതില്‍ ഞങ്ങള്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. ആരെങ്കിലും മുഖ്യമന്ത്രിയാകട്ടെ. ആരു വന്നാലും കുഴപ്പമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അര്‍ഹതയുള്ള ആളുകളെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്ന കീഴ് വഴക്കമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതു നടക്കണമെന്ന് ആഗ്രഹിക്കുന്നു. അതല്ലാതെ ജാതിയും മതവുമൊന്നും ഇല്ല. സമുദായം അല്ല ജനാധിപത്യം ആണ് പ്രധാനം. ചിലര്‍ സമുദായപരമായ ഡിമാന്‍ഡ് കൊണ്ടുവന്നപ്പോഴാണ് എന്‍എസ്എസ് മുമ്പ് എതിര്‍ത്തത്. എന്‍എസ്എസിന്റെ നിലപാട് വിജയത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഞങ്ങളല്ല നിരീക്ഷിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


