
കൊൽക്കത്ത: രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന സുപ്രധാനമായ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയത്. ഇതിൽ പശ്ചിമ ബംഗാളിലേയ്ക്കാണ് എല്ലാ കണ്ണുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറയാം. കാരണം, കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്. തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടക്കുക.
2011ൽ ഇടത് മുന്നണിയെ തകര്‍ത്താണ് ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് അധികാരം പിടിച്ചത്. തൃണമൂല്‍ 184 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇടത് മുന്നണി 62 സീറ്റുകളിലേയ്ക്ക് ഒതുങ്ങി. 2016ൽ തൃണമൂൽ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അധികാരം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്. 211 സീറ്റുകളിൽ തൃണമൂലിന്റെ തേരോട്ടത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ഇടത് സഖ്യത്തിന് വെറും 77 സീറ്റുകളില്‍ വിജയിക്കാനേ സാധിച്ചുള്ളൂ. 2021ൽ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. തൃണമൂല്‍ 215 സീറ്റുകൾ നേടി മമത മൂന്നാം തവണയും അധികാരം ഉറപ്പിച്ചെങ്കിലും പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി കടന്നുകയറി. 77 സീറ്റുകളിൽ ബിജെപി വിജയിച്ചതോടെ സംസ്ഥാനത്ത് ഇടത്-കോൺഗ്രസ് സഖ്യം അപ്രസക്തമായി മാറി.
2019ന് ശേഷം പശ്ചിമ ബംഗാളിൽ ബിജെപിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. മോദി രണ്ടാം തവണയും അധികാരത്തിലെത്തിയപ്പോൾ പശ്ചിമ ബംഗാളിൽ തൃണമൂലിനെ ഞെട്ടിച്ചുകൊണ്ട് ബിജെപി നേടിയ 18 സീറ്റുകൾ നിര്‍ണായകമായി. ഇടതുപാര്‍ട്ടികൾക്കാണ് ഇത് വലിയ ക്ഷീണമായത്. ഇടതിന്റെ ഉരുക്കുകോട്ടയായി ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട ബംഗാളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് സംഘപരിവാര്‍ ആശയങ്ങളോടുള്ള സ്വീകാര്യതയുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ബിജെപിയുടെ വളര്‍ച്ചയെ തൃണമൂൽ അതീവ ഗൗരവത്തോടെയാണ് കണ്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു മമത ബാനര്‍ജിയുടെ ഓരോ തീരുമാനങ്ങളും. തെറ്റുകൾ തിരുത്തിയും പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ച് നിര്‍ത്തിയും മമത കരുതലോടെയാണ് നീങ്ങിയത്.


