തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന. അഴിമതിക്കേസിൽ പ്രതിയായ രതീഷ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതിയും നൽകിയിരുന്നു.
കേസിലെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തുന്നതിനായി സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾക്കൊപ്പം അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകളും ചേർത്തിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി കെ.എ. രതീഷ്, മൂന്നാം പ്രതി ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സിബിഐയുടെ നടപടി. ഇരുവരെയും അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ കോടതിയിൽ നൽകിയ വിവരം അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ അറിയിച്ചു.

