ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി അധികൃതരെ സമീപിച്ചു. വിരമിച്ച സർക്കാർ ജീവനക്കാരനായ അദ്ദേഹം മകന്റെ വിദേശ വിദ്യാഭ്യാസത്തിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കണമെന്നാണ് സൂറത്ത് സ്വദേശിയായ തിവാരിയുടെ ആവശ്യം.
സിജെപി പ്രതിഷേധക്കാർക്കെതിരായ കേസുകളിൽ നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമ പ്രതിരോധ ഫണ്ടിന്റെ വിനിയോഗവും പരിശോധിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും അദ്ദേഹം കത്തയച്ചു.

സിജെപി രജിസ്റ്റർ ചെയ്യാത്ത പ്രസ്ഥാനമാണെങ്കിലും രാഷ്ട്രീയ പാർട്ടിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് തിവാരിയുടെ ആരോപണം. നിയമ പ്രതിരോധ ഫണ്ടായി ഒരു കോടി രൂപ സ്വീകരിക്കുന്നതിന് മുമ്പ്, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29എ പ്രകാരം സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ ഇല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്നതും ഫണ്ട് ശേഖരിക്കുന്നതും സ്വീകരിക്കുന്നതും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ പറയുന്നു. കപിൽ സിബൽ പ്രഖ്യാപിച്ച നിയമ പ്രതിരോധ ഫണ്ടിന് ജിഎസ്ടി ബാധകമാണോയെന്ന് പരിശോധിക്കാൻ കേന്ദ്ര പരോക്ഷ നികുതി–കസ്റ്റംസ് ബോർഡിനെയും തിവാരി സമീപിച്ചിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തവർക്ക് നിയമസഹായം നൽകുന്നതിനായി രൂപീകരിച്ച ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുമെന്ന് കപിൽ സിബൽ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

