മനാമ: പൊതുജനങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പ്രതിനിധികളെന്ന വ്യാജേന ബന്ധപ്പെടുകയും മൊബൈൽ ഫോണിന്റെ സ്ക്രീൻ പങ്കുവയ്ക്കാനോ സാങ്കേതിക സഹായത്തിനെന്ന പേരിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടുന്നതാണ് പ്രധാന തട്ടിപ്പുരീതി.
ഇത്തരം ആവശ്യങ്ങൾ സാധാരണമെന്നു തോന്നാമെങ്കിലും, ഒടിപി വെരിഫിക്കേഷൻ കോഡുകൾ, ബാങ്കിങ് വിവരങ്ങൾ, പാസ്വേഡുകൾ തുടങ്ങിയ രഹസ്യവിവരങ്ങൾ ചോർത്താനാണ് തട്ടിപ്പുകാർ ഇവ ദുരുപയോഗം ചെയ്യുന്നത്. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
അജ്ഞാതർക്ക് മൊബൈൽ ഫോണിലേക്കോ സ്ക്രീനിലേക്കോ പ്രവേശനാനുമതി നൽകരുത്. ബാങ്കുകളുമായും സർക്കാർ സ്ഥാപനങ്ങളുമായും ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ആശയവിനിമയം നടത്തണമെന്നും അധികൃതർ നിർദേശിച്ചു.
ആവശ്യപ്പെടുന്ന വ്യക്തി എത്ര വിശ്വസനീയനെന്ന് തോന്നിയാലും ചെയ്യുകയോ സംശയാസ്പദമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർദേശം.

