
മനാമ: രാജ്യത്തിനെതിരെ ഇറാന്റെ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബഹ്റൈൻ തീരങ്ങൾ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി, മത്സ്യബന്ധന, വിനോദ യാനങ്ങൾ ഉപയോഗിക്കുന്ന വരുടെ സമുദ്ര സഞ്ചാരം ആഭ്യന്തര മന്ത്രാലയം ഭാഗികമായി നിരോധിച്ചു.
മാർച്ച് 29 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ പുലർച്ചെ 4 വരെ നിരോധനം പ്രാബല്യത്തിലുണ്ടാകും.
ചെറിയ സമുദ്രയാനങ്ങൾ കടക്കുന്നത് നിരോധിക്കുന്ന തീരുമാനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ രാജ്യത്തിന്റെ തീരങ്ങളുടെ അടിസ്ഥാനരേഖ മുതൽ വടക്കൻ സമുദ്രമേഖലയിൽ സ്ഥിതിചെയ്യുന്ന രേഖ വരെ നിയന്ത്രണമുണ്ടാകും. രാജ്യത്തിന്റെ തീരങ്ങളുടെ അടിസ്ഥാനരേഖയിൽ നിന്ന് പടിഞ്ഞാറൻ, കിഴക്കൻ, തെക്കൻ മേഖലകളിലെ സമുദ്രാതിർത്തികളിലേക്കുള്ള നീക്കവും നിരോധനത്തിൽ ഉൾപ്പെടുന്നു.
വാർത്തയ്ക്കൊപ്പമുള്ള മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ, സമുദ്രഗതാഗതം നിയന്ത്രിക്കുന്ന മുൻ തീരുമാനങ്ങളുടെ ഒരു വിപുലീകരണമാണ് ഈ തീരുമാനം.
എല്ലാ കടൽ യാത്രക്കാരും സമുദ്ര നിരോധന സമയങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാനും നിയമനടപടികൾ ഒഴിവാക്കാനുമായി തീരപ്രദേശങ്ങളിലേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.


