
ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്.
ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാനാഗ്രഹിക്കുന്ന ചരക്കുകപ്പലുകളില്‍നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന് ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി, മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടിയെന്ന് പറഞ്ഞു. ഇറാന്റെ നടപടി മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കും. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിംഗ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മുസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിനു പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാന് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന് പ്രതിനിധിയാണ് ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.


