
കൊടുവള്ളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി പികെ ഫിറോസ്. യുഡിഎഫിന്റെ മുഖ്യമന്ത്രി ആരായാലും അഹങ്കാരി ആയിരിക്കില്ല, വർഗീയവാദി ആയിരിക്കില്ലെന്നും കൊടുവള്ളിയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി കെ ഫിറോസ്. കടക്ക് പുറത്ത് എന്ന് പറയുന്ന ആൾ ആയിരിക്കില്ല യുഡിഎഫിന്റെ മുഖ്യമന്ത്രി. മൈക്ക് ഓപ്പറേറ്ററേയും, ആങ്കറേയും ചീത്തവിളിക്കുന്ന ആൾ ആയിരിക്കില്ലെന്നും പികെ ഫിറോസ് പറഞ്ഞു. യുഡിഎഫിൽ ഒരാൾ മുഖ്യമന്ത്രി ആവും. ആ മുഖ്യമന്ത്രിക്ക് ചൂരക്കറി കൊടുത്തതിന്റെ പേരിൽ ഒരു നേതാവിന്റെയും സ്ഥാനം പോകില്ല. നാല് വോട്ടിന് വേണ്ടി ഹിന്ദുവിനേയും മുസ്ലിമിനേയും ക്രൈസ്തവരേയും തമ്മിൽ അടിപ്പിക്കില്ല. വർഗീയതയോട് നോ കോപ്രമൈസ് ആയിരിക്കുമെന്നും പി കെ ഫിറോസ് കൊടുവള്ളിയിൽ പറഞ്ഞു. യുഡിഎഫിന്റെ ജില്ലയിലെ ശക്തി കേന്ദ്രത്തിലാണ് പി കെ ഫിറോസ് മത്സരത്തിനിറങ്ങുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ലീഡ് യുഡിഎഫിന് നൽകിയ മണ്ഡലം കൂടിയാണ് കൊടുവള്ളി. പികെ ഫിറോസിന് കൊടുവള്ളിക്കാരുടെ ശബ്ദമായി മാറുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ പികെ ഫിറോസിനേക്കുറിച്ച് പറഞ്ഞത്.


