
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയില്‍ വന്‍ തട്ടിപ്പ്. വിതരണ ഏജന്‍സിയുടെ തട്ടിപ്പിനിരയായ അച്ചായന്‍സ് ഫിലിം ഹൗസ് നിയമ നടപടിക്കൊരുങ്ങുന്നു.
സിനിമാ വിതരണരംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജന്‍സികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് (ദുബായ്) മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ അച്ചായന്‍സ് ഫിലിം ഹൗസിനെ തട്ടിപ്പിനിരയാക്കിയതെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിന് ആരിഫ് എന്നിവര്‍ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരന്റി അടിസ്ഥാനത്തില്‍ അച്ചായാന്‍സ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു. കരാര്‍ പ്രകാരം സിനിമ വിജയിക്കാത്തപക്ഷമുണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവല്‍’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായന്‍സ് ഫിലിം ഹൗസുമായുള്ള കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബസൂക്ക നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും കളങ്കാവല്‍ സിനിമയുടെ വിതരണാവകാശത്തിലൂടെ നഷ്ടം പരിഹരിക്കാമെന്ന കരാറിലെ വ്യവസ്ഥയും ലംഘിച്ചു. തുടര്‍ന്ന് കളങ്കാവല്‍ സിനിമ റിലീസ് ചെയതപ്പോള്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന് ചിത്രത്തിന്റെ വിതരണ അവകാശം ഇല്ലയെന്നാണ് പറഞ്ഞത്. മറ്റൊരു പ്രോജക്റ്റിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനവും നല്കി. ട്രൂത്ത് സമദ് വലിയ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് തങ്ങളെ വിശ്വസിപ്പിച്ചെന്നും അച്ചായന്‍സ് ഫിലിം ഹൗസ് പറയുന്നു.
ഒരു വര്‍ഷത്തിലേറെയായിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവരുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും അവര്‍ ഒഴിവാക്കുകയും മമ്മൂട്ടിക്കമ്പനിയുടെ പേരിന്റെ മറവിലുണ്ടാക്കിയ വ്യവസ്ഥകളും കരാറുകളും ലംഘിക്കുകയുമാണ് ചെയ്യുന്നത്. ഇതിനിടെ മമ്മൂട്ടി പണം വാങ്ങിയതായും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് പ്രതിനിധികള്‍ പറയുന്നു. മലയാളത്തിലെ ഏറ്റവും പ്രമുഖ ഫിലിം കമ്പനിയായ മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ നടക്കുന്ന ഇത്തരം തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും അച്ചായന്‍സ് ഫിലിം ഹൗസ് അറിയിച്ചു.


