
തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ വൈകാതെ സ്ഥിരം സര്‍വീസാക്കി മാറ്റുമെന്നും ഇതിന് അംഗീകാരം നല്‍കിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു. കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്, പാലക്കാട്- കണ്ണൂര്‍ എക്സ്പ്രസ്, കണ്ണൂര്‍- കോഴിക്കോട് എക്സ്പ്രസ്, എറണാകുളം- കൊല്ലം മെമു, തിരുവനന്തപുരം- നോര്‍ത്ത് മംഗളൂരു ജംഗ്ഷന് അന്ത്യോദയ, എറണാകുളം- വേളാങ്കണ്ണി സ്പെഷ്യലുകളാണ് സ്ഥിരം സര്‍വീസുകളാക്കുന്നത്. ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.
ആഴ്ചയില്‍ 2 ദിവസമുള്ള എറണാകുളം- വേളാങ്കണ്ണി സര്‍വീസിനു പുറമെയാണ് പുതിയ എറണാകുളം- വേളാങ്കണ്ണി സര്‍വീസ് വരുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴിയാകും സര്‍വീസ്. തിരുവനന്തപുരം- മംഗളൂരു അന്ത്യോദയ, കൊല്ലം- വിശാഖപട്ടണം ട്രെയിനുകള്‍ പ്രതിവാര സര്‍വീസുകളാണ്.


