കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ പ്രതിനിധികളുടെ വിമർശനം. പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിലെ സംഘടനാപരമായ തർക്കങ്ങൾ പക്വതയോടെ പരിഹരിക്കാൻ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്ന് ചിലർ ആരോപിച്ചു. താഴെത്തട്ടിലെ അണികളുമായി രാഗേഷിന് വേണ്ടത്ര ബന്ധമില്ലെന്നും മുതിർന്ന നേതാക്കളെ മറികടന്നാണ് അദ്ദേഹത്തിന് സെക്രട്ടറി പദവി നൽകിയതെന്നും യോഗത്തിൽ വിമർശനമുയർന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമ്പരാഗത സ്വാധീനകേന്ദ്രങ്ങളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ മുന്നേറ്റം തടയാൻ കഴിഞ്ഞില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ തലശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതും ചർച്ചയായി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുന്നതിനുപകരം ഏരിയാ കമ്മിറ്റികളെ പഴിചാരിയെന്ന ആക്ഷേപവും ജില്ലാ സെക്രട്ടറിക്കെതിരെ ഉയർന്നു.
എ.എൻ. ഷംസീറിനെ സ്ഥാനാർഥിയാക്കാതിരുന്നത് തലശ്ശേരിയിൽ തിരിച്ചടിയായെന്നാണ് യോഗത്തിലെ വിലയിരുത്തൽ. കണ്ണൂർ ജില്ലയിൽ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള പ്രാതിനിധ്യം ഇല്ലാതിരുന്നത് യുഡിഎഫിന് രാഷ്ട്രീയ മേൽക്കൈ നേടാൻ സഹായിച്ചെന്നും ചിലർ അഭിപ്രായപ്പെട്ടു. ഷംസീറിനെ വീണ്ടും മത്സരിപ്പിക്കാതിരുന്നപ്പോൾ ജില്ലാ സെക്രട്ടറിയാക്കണമായിരുന്നുവെന്ന നിർദ്ദേശം തലശ്ശേരി ഏരിയയിൽനിന്ന് ഉയർന്നതായും റിപ്പോർട്ടുണ്ട്.
പയ്യന്നൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിനെതിരെയും പ്രതിനിധികൾ എതിർപ്പറിയിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വീഴ്ചകൾ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധിച്ചതിനാലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതെന്നാണ് വിശദീകരണം. പരാജയം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച എൻ. ചന്ദ്രൻ, പി. ഹരീന്ദ്രൻ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പയ്യന്നൂർ വിശാല ഏരിയാ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യാനാണ് നിലവിലെ തീരുമാനമെന്നും യോഗത്തിൽ അറിയിച്ചു.
യുവ നേതൃനിരയെ വളർത്തിയെടുക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, അച്ചടക്ക നടപടിയെത്തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്ന് കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന നിർദ്ദേശം ഉയർന്നേക്കുമെന്നാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു പിന്നാലെയാണ് ദിവ്യക്കെതിരെ നടപടിയെടുത്തതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നതും. ഏരിയാ സെക്രട്ടറിമാരെയും വർഗ–ബഹുജന സംഘടനാ നേതാക്കളെയും ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളാക്കുന്നതും പരിഗണനയിലുണ്ട്.
ജില്ലയിലെ വോട്ട് ചോർച്ചയാണ് ഗ്രൂപ്പ് ചർച്ചകളിലെ പ്രധാന വിഷയമായത്. രാഷ്ട്രീയ എതിരാളികളുടെ വ്യാജപ്രചാരണങ്ങൾ അണികളെ സ്വാധീനിച്ചതും ചില പ്രാദേശിക നേതാക്കളുടെ പെരുമാറ്റം പൊതുജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റിയതും തിരിച്ചടിക്ക് കാരണമായെന്ന് വിലയിരുത്തലുണ്ടായി. അടിസ്ഥാന ജനവിഭാഗങ്ങളുമായുള്ള പാർട്ടിയുടെ താഴെത്തട്ടിലെ ബന്ധത്തിൽ വിള്ളൽ വീണതും വോട്ടുകണക്കുകൾ പാളാൻ ഇടയാക്കിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ് എന്നിവരുൾപ്പെടെ 156 പേർ ദ്വിദിന വിപുലീകൃത യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

