
മനാമ: ബഹ്റൈനിലെ 62 സൊസൈറ്റികൾ, അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവ പിരിച്ചുവിട്ട് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാൻ ഉത്തരവ്. ജീവകാരുണ്യ, യുവജന, തൊഴിൽ, സാംസ്കാരിക, സാമൂഹികക്ഷേമ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെയാണ് നടപടി ബാധിക്കുന്നത്.
സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി പുറപ്പെടുവിച്ച 2026-ലെ 16-ാം നമ്പർ ഉത്തരവ് ഏറ്റവും പുതിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 62 സംഘടനകളുടെയും ലിക്വിഡേറ്ററായി തലാൽ അബൂ ഗസാലെ ആൻഡ് പാർട്ണേഴ്സ് ഇന്റർനാഷണലിനെ നിയമിച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 18 മാസത്തിനുള്ളിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം.
ജീവകാരുണ്യ സംഘടനകൾ, മെഡിക്കൽ രംഗത്തെ പ്രൊഫഷണൽ അസോസിയേഷനുകൾ, പ്രവാസി ക്ലബ്ബുകൾ, പരിസ്ഥിതി കൂട്ടായ്മകൾ, വനിതാ സംഘടനകൾ, യുവജന സംരംഭങ്ങൾ എന്നിവ പട്ടികയിലുണ്ട്. സതേൺ റീജിയൻ ചാരിറ്റബിൾ അസോസിയേഷൻ, അൽ ബറക ചാരിറ്റബിൾ സോഷ്യൽ അസോസിയേഷൻ, ബഹ്റൈൻ എൻവയൺമെന്റ് അസോസിയേഷൻ, ബഹ്റൈൻ ചൈൽഡ് സേഫ്റ്റി അസോസിയേഷൻ, ബഹ്റൈൻ യൂത്ത് ഫോറം സൊസൈറ്റി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഈജിപ്ഷ്യൻ ക്ലബ് ഇൻ ബഹ്റൈൻ, കൊറിയൻ ക്ലബ്, കുവൈത്ത് സ്റ്റുഡന്റ്സ് ക്ലബ് ഇൻ ബഹ്റൈൻ, ഓസ്ട്രേലിയൻസ് അസോസിയേഷൻ ഇൻ ബഹ്റൈൻ, ബഹ്റൈൻ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി, ബഹ്റൈൻ-ഫ്രഞ്ച് ബിസിനസ് ക്ലബ് തുടങ്ങിയ പ്രവാസി, അന്താരാഷ്ട്ര സമൂഹങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെയും നടപടി ബാധിക്കും.


