തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്ത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ബന്ധുക്കൾ സ്പായിൽ വിറ്റതായാണ് വിവരം. മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് മാതൃസഹോദരിയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലായിരുന്നു കുട്ടി. ഇവർ ജൂലൈയിൽ പെൺകുട്ടിയെ കോവളത്തെത്തിച്ച ശേഷം ആന്ധ്രയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ കൈവശം 20 വയസ്സുണ്ടെന്ന് കാണിക്കുന്ന ആധാർ കാർഡ് ഉണ്ടായിരുന്നെങ്കിലും അത് വ്യാജമാണെന്നാണ് വിവരം. വിവിധ സ്പാകളിൽ ജോലി ചെയ്തിരുന്ന കുട്ടി, ഒരു സ്പായിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണം തുടരുകയാണ്.

