
ന്യൂഡല്‍ഹി: വെനസ്വേലയിലെ സംഭവ വികാസങ്ങള്‍ ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ ഇടയാക്കുമോ എന്ന് ആശങ്ക. എന്നാല്‍ എണ്ണ സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള വെനസ്വേല അതിന്റെ എണ്ണ നിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രമാണ് വേര്‍തിരിച്ചെടുത്തിട്ടുള്ളത്. അതിനാല്‍ വെനസ്വേലയ്ക്കെതിരെ അമേരിക്ക സ്വീകരിച്ച സൈനിക നടപടി ആഗോള എണ്ണ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയിലെടുത്തത്. സൈനിക നീക്കത്തിലൂടെ നിക്കോളാസ് മഡൂറോയയും ഭാര്യ സിലിയ ഫ്ലോറസിനെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യ സര്‍ക്കാരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തും. യുഎസ് കസ്റ്റഡിയിലായ നിക്കോളാസ് മഡൂറോയും സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണം എന്നും ട്രംപ് പ്രതികരിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ലോകത്തിലെ മൊത്തം എണ്ണ ശേഖരത്തിന്റെ 18 ശതമാനം വെനസ്വേലയിലാണുള്ളത്. എന്നാല്‍ ഇതുവരെ ഒരു ശതമാനം മാത്രമേ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ കാണപ്പെടുന്ന ചുരുങ്ങിയ അളവിലുള്ള എണ്ണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെനസ്വേലയില്‍ കനത്ത എണ്ണ നിക്ഷേപമാണ് ഉള്ളത്. ഇതില്‍ കണ്ണുവെച്ചാണ് അമേരിക്ക വെനസ്വേലയില്‍ സൈനിക നടപടി സ്വീകരിച്ചതെന്ന് ആക്ഷേപം ഉണ്ട്.
വലിയ തോതില്‍ എണ്ണ നിക്ഷേപം ഉണ്ടെങ്കിലും വെനസ്വേലയില്‍ ഉയര്‍ന്ന തലത്തിലുള്ള ശുദ്ധീകരണ സൗകര്യങ്ങള്‍ ഇല്ല. ഇതിനുപുറമെ, വെനസ്വേലയ്ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുകയും എണ്ണ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. ഇതും വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനത്തെ കൂടുതല്‍ പരിമിതപ്പെടുത്തിയിരുന്നു. അതിനാല്‍ വെനസ്വേലയിലെ സംഭവ വികാസങ്ങള്‍ ആഗോള എണ്ണവിപണിയില്‍ കാര്യമായി സ്വാധീനം ചെലുത്തില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


