
മനാമ: ഭീകരസംഘടനയിൽ ചേർന്നുവെന്നാരോപിച്ച് 18 പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി പരിഗണിച്ചതായി ടെററിസം ക്രൈംസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. പ്രതികളിൽ 15 പേർ നിലവിൽ കസ്റ്റഡിയിലാണെന്നും മൂന്ന് പേർ ഒളിവിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പ്രവർത്തനരഹിതമാക്കുക, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുക, ദേശീയ ഐക്യം ദുർബലപ്പെടുത്തുക, ബഹ്റൈന്റെ ഭരണഘടനാ സംവിധാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിച്ചതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
‘വിലായത്ത് അൽ ഫഖീഹ്’ ആശയം പ്രചരിപ്പിക്കുകയും ഇറാന്റെ പരമോന്നത നേതാവിനോടുള്ള വിധേയത്വം പ്രോത്സാഹിപ്പിക്കുകയും ഇറാന്റെ രാഷ്ട്രീയ അധികാരത്തിന് കീഴടങ്ങണമെന്ന നിലപാട് പ്രചരിപ്പിക്കുകയും ചെയ്തതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ആരാധനാലയങ്ങൾ, മാതങ്ങൾ, ഹുസൈനിയകൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്ത് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും ബഹ്റൈന്റെ ഭരണസംവിധാനത്തിനെതിരെ ജനങ്ങളെ പ്രേരിപ്പിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾ, കലാപം, അട്ടിമറി എന്നിവയ്ക്ക് പ്രേരണ നൽകിയതായും രാജ്യത്തിന്റെ സ്ഥിരത തകർക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതായും ആരോപണമുണ്ട്.
സംഘടനയുടെ പ്രവർത്തനങ്ങൾക്കായി പണം ശേഖരിക്കുകയും വിനിയോഗിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണം നടത്തിയതെന്നും കസ്റ്റഡിയിലുള്ള പ്രതികളെ നിയമാനുസൃതമായി ചോദ്യം ചെയ്തതായും അധികൃതർ അറിയിച്ചു. ചിലരെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. കുടുംബങ്ങളുമായി ബന്ധപ്പെടാനും ആരോഗ്യപരിചരണം ലഭിക്കാനും പ്രതികൾക്ക് അവസരം നൽകിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.


