ബെംഗളൂരു: 2022-ൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി താലൂക്കിലെ പടനാടി ഗ്രാമം സ്വദേശി നൗഷാദ് (32), കുടക് ജില്ലയിലെ സോമവാർപേട്ട് സ്വദേശി അബ്ദുൾ നാസിർ (41) എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ അബ്ദുൾ നാസിറിനെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കൊച്ചിയിലെയും ബെംഗളൂരുവിലെയും എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. നൗഷാദിനെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശ് പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം നടത്തിയ പരിശോധനകളിലാണ് ഇരുവരും പിടിയിലായത്. പ്രതികൾക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതി നേരത്തെ അറസ്റ്റ് വാറന്റും ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് നാല് ലക്ഷം രൂപ വീതം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.
കോഴിക്കട ഉടമയായിരുന്ന പ്രവീൺ നെട്ടാരുവിനെ 2022 ജൂലൈ 26-ന് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിൽ വെച്ച് സായുധ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് അന്നത്തെ കർണാടക സർക്കാർ അന്വേഷണം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസിൽ ഇതുവരെ 28 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പുതിയ അറസ്റ്റുകളോടെ ഇനി അഞ്ച് പ്രതികൾ കൂടി ഒളിവിലാണെന്നാണ് അന്വേഷണ ഏജൻസിയുടെ വിവരം.

