
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്യാൻ തക്ക അസാധാരണ സാഹചര്യങ്ങളോ മതിയായ കാരണങ്ങളോ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ പൾസർ സുനി ജയിലിൽ തുടരും.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെഷൻസ് കോടതി വിധിയിൽ പ്രകടമായ നിയമവിരുദ്ധതയോ ഗുരുതരമായ അപാകതയോ കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.
വിചാരണ കോടതിയുടെ കണ്ടെത്തലുകൾ അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് വിലയിരുത്താൻ കഴിയില്ലെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ ആവശ്യമായ സാഹചര്യം നിലവിലില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതിജീവിതയുടെ അന്തസും അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പൾസർ സുനിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം.
ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും അതിജീവിതയും കോടതിയെ അറിയിച്ചു. വിചാരണ കാലയളവ് ഉൾപ്പെടെ എട്ടുവർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്ന കാര്യം പൾസർ സുനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


