
വാഷിങ്ടൺ: ഇറാനെതിരെ നാവിക ഉപരോധം വീണ്ടും ഏർപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും ഇനി അമേരിക്ക ഏറ്റെടുക്കുമെന്നും അമേരിക്കയെ ഹോർമുസിന്റെ സംരക്ഷകനായി അറിയപ്പെടുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമുസിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം സുരക്ഷാ ചെലവായി ഈടാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് നികത്താനാണ് ഈ നടപടി സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ ഹോർമുസിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രംപ് പറഞ്ഞിരുന്നു. അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരുമെന്നും ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പോകുന്നതോ അവിടെനിന്ന് വരുന്നതോ ആയ കപ്പലുകൾക്കുമാണ് ഉപരോധം ബാധകമാകുകയെന്നും ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് കടലിടുക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും അനുവദിക്കില്ലെന്ന് ഇറാന്റെ ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കി. മേഖലയിലേക്കുള്ള യുഎസ് ഇടപെടലിനെ ശക്തമായി നേരിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.


