
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട വാണിജ്യ കപ്പലിൽ 11 ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ പത്ത് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതായിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ട ജിഎഫ്എക്സ് ഗാലക്സി എന്ന വാണിജ്യ കപ്പലിലായിരുന്നു ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, ഇറാൻ–അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായി ഇറാൻ ആരോപിച്ചു. ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ധാരണ തകർക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗങ്ങളുടേതാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ യാതൊരു പ്രകോപനവുമില്ലാതെ കപ്പലുകൾ ആക്രമിക്കപ്പെട്ടത് മധ്യസ്ഥ രാജ്യങ്ങൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇറാനിലെ തന്നെ ചില ഗ്രൂപ്പുകൾ സമാധാന ധാരണ തകർക്കാനായി ആക്രമണം നടത്തിയതാകാമെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ ഇറാനുമേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി സംസാരിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആക്രമണത്തിന് പിന്നിൽ ഇസ്രയേലും അമേരിക്കയുമാണെന്ന ആരോപണം ഉന്നയിച്ചു.
അമേരിക്കയുമായി ഒപ്പുവെച്ച ധാരണ ഇറാൻ പ്രസിഡന്റ് ആഭ്യന്തര എതിർപ്പുകൾ മറികടന്നാണ് നടപ്പാക്കിയതെന്നാണ് വിലയിരുത്തൽ. അതേസമയം, യുറേനിയം ശേഖരം കൈമാറാതെ ഇറാനുമായി കരാറില്ലെന്ന നിലപാടിൽ അമേരിക്ക കൂടുതൽ കടുപ്പം കാണിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


