
കൊച്ചി: സമയ കൃത്യതയുടെ കാര്യത്തിൽ ലോകത്തിലെ മികച്ച വിമാനക്കമ്പനികളിൽ ഇടം നേടി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കൃത്യനിഷ്ഠയിൽ എയർ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി.
ജൂണിൽ പരിശോധിച്ച 15,135 സർവീസുകളിൽ 86.85 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് ലാൻഡ് ചെയ്തു. 86.23 ശതമാനം സർവീസുകൾ സമയക്രമം പാലിച്ച് പുറപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. എയർ ഇന്ത്യയുടെ കമ്പ്ലീഷൻ ഫാക്ടർ 99.7 ശതമാനമാണ്.

വിമാന ശൃംഖലയുടെ കാര്യക്ഷമമായ ഏകോപനം, ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുടെ മികച്ച മാനേജ്മെന്റ്, പ്രവർത്തന നിലവാരം ഉയർത്തുന്നതിനുള്ള തുടർച്ചയായ നടപടികൾ എന്നിവയാണ് നേട്ടത്തിന് പിന്നിലെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ പ്രധാന കേന്ദ്രങ്ങളാക്കി ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിമാന നവീകരണ പദ്ധതികളിലൊന്നും കമ്പനി നടപ്പാക്കിവരികയാണ്.
600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് പുതിയ ബോയിങ് 787-9 വിമാനങ്ങൾ കൂടി സർവീസിൽ ഉൾപ്പെടുത്തി.
2026ൽ കൂടുതൽ ബോയിങ് 787-9 വിമാനങ്ങളും എയർബസ് A350-1000 വിമാനങ്ങളും ഫ്ലീറ്റിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. 2026 അവസാനത്തോടെ എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളുടെ പകുതിയിലധികവും പുതിയതോ നവീകരിച്ചതോ ആയ ഇന്റീരിയറുകളോടെ സർവീസ് നടത്താനാണ് പദ്ധതിയിടുന്നത്.


