
വാഷിങ്ടൻ∙ ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ–ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു ഗാസയെപറ്റിയുള്ള ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചു വരികയാണെന്നു ട്രംപ് പറഞ്ഞു. ഏതാണ്ട് 21 മാസത്തിലധികമായി മേഖല സംഘർഷഭരിതമാണ്.
‘‘ഗാസയിൽ പുരോഗതി കൈവരിക്കുന്നുണ്ട്. നല്ല വാർത്ത ലഭിക്കുമെന്നാണു കരുതുന്നത്. വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണ് ഗാസയെന്നാണ് എന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞത്’’– ട്രംപ് പറഞ്ഞു. വെടിനിർത്തലിനുള്ള പുതിയ നീക്കങ്ങൾ ആരംഭിക്കുമെന്നു ഖത്തർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിനായി ചർച്ചകൾ ഊർജിതമാക്കിയതായി അടുത്ത ദിവസം ഹമാസും പ്രതികരിച്ചു.
അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യത്തിന്റെ കവചിതവാഹനം സ്ഫോടനത്തിൽ തകർന്ന് 7 സൈനികർ കൊല്ലപ്പെട്ടു. വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
