
തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. കെഎം ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിനിടെ ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്.
ശ്രീറാം വെങ്കിട്ടരാമന് പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വാര്‍ത്താസമ്മേളനങ്ങളിലോ മറ്റോ ശ്രീറാം പങ്കെടുത്തിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൃഷിമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീറാം എത്തിയത്. വാര്‍ത്താസമ്മേളനം ആരംഭിച്ച് കുറച്ച് കഴിഞ്ഞ് ശ്രീറാം എത്തിയതോടെ, വാര്‍ത്താ സമ്മേളനം ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചു. അതോടെ ശ്രീറാം വെങ്കിട്ടരാമന് സ്വമേധയാ ഇറങ്ങിപ്പോകുകയായിരുന്നു.


