
വാഷിംഗ്ടൺ: ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നതായും, ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും അന്തിമ കരാറിൽ ഇതുവരെ എത്തിയിട്ടില്ലെന്നും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
“ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പാണ് എനിക്ക് വേണ്ടത്. അതിന് അവർ സമ്മതിച്ചിട്ടുണ്ട്. നമ്മൾ ഒരു മികച്ച കരാറിന് തൊട്ടടുത്താണ്,” ട്രംപ് വ്യക്തമാക്കി. ചർച്ചകളിൽ ധൃതി കൂട്ടിയാൽ നല്ലൊരു കരാറിലെത്താൻ സാധിക്കില്ലെന്നും പതുക്കെയാണെങ്കിലും അമേരിക്ക ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിന് അന്ത്യം കുറിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.
ഇറാന്റെ മറ്റ് നേതൃത്വങ്ങളെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടതുപോലെ അവരുടെ പ്രധാന സൈന്യത്തെ അമേരിക്ക ശക്തമായി ആക്രമിച്ചിട്ടില്ലെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ സൈന്യം താരതമ്യേന മിതവാദികളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വാഷിംഗ്ടൺ ഈ സമീപനം സ്വീകരിച്ചത്.
“അവരുടെ നാവികസേനയും വ്യോമസേനയും 100 ശതമാനവും പൂർണ്ണമായി തകർക്കപ്പെട്ടു. എന്നാൽ അവരുടെ പ്രധാന സൈന്യത്തെ ഞങ്ങൾ ഒരു പരിധിവരെ ഒഴിവാക്കി. ഒരു രാജ്യത്തിന്റെ മുഴുവൻ ഘടനയും തുടച്ചുനീക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മുൻപ് ഇറാഖിൽ സംഭവിച്ചത് നമ്മൾ കണ്ടതാണ്,” ട്രംപ് പറഞ്ഞു. യുദ്ധങ്ങളിൽ എല്ലാവരെയും തുടച്ചുനീക്കുന്ന തെറ്റായ തീരുമാനങ്ങൾ എടുത്താൽ അടുത്ത 40 വർഷത്തേക്ക് ആ രാജ്യത്തിന് തിരിച്ചുവരാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


