ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണി പ്രദേശത്തെ ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന ‘ലെമൺ ഗ്രീൻ’ റസ്റ്റോറന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഔദ്യോഗിക വിവരം. രാവിലെ 8.50 ഓടെയാണ് റസ്റ്റോറന്റിൽ തീപിടിത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് 9.45 ഓടെ ഡൽഹി ഫയർ സർവീസിന് വിവരം ലഭിക്കുകയും ഉടൻ തന്നെ സ്ഥലത്ത് എത്തുകയുമായിരുന്നു.

പത്ത് ഫയർ ടെൻഡറുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. റസ്റ്റോറന്റിന്റെ ബേസ്മെന്റിൽ കുടുങ്ങിക്കിടന്ന 37 പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി കാറ്റ്സ് ആംബുലൻസുകൾ വഴി ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പുറമെ കെട്ടിടത്തിനുള്ളിൽ നിന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ 11 പേരെ ഡൽഹി പൊലീസും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.


