
മനാമ: മനുഷ്യക്കടത്തിനെതിരെ ബഹ്റൈൻ നടത്തുന്ന പോരാട്ടം കൂടുതൽ ശക്തമാക്കാൻ രാജ്യം പ്രതിബദ്ധമാണെന്ന് തൊഴിൽ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ് പറഞ്ഞു. നിയമപരവും സ്ഥാപനപരവുമായ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയും സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർധിപ്പിച്ചും പ്രാദേശിക-അന്തർദേശീയ സഹകരണം വിപുലീകരിച്ചും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കിയുമാണ് ബഹ്റൈൻ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശങ്ങളും മേൽനോട്ടവും അനുസരിച്ചാണ് മനുഷ്യക്കടത്തിനെതിരായ ദേശീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്തിനെതിരായ നിയമനിർമാണത്തിലും നിയന്ത്രണ സംവിധാനങ്ങളിലും തുടർച്ചയായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതിന്റെ ഫലമായാണ് ഈ മേഖലയിൽ ബഹ്റൈൻ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യാതിർത്തികൾ കടന്നുള്ള കുറ്റകൃത്യമായ മനുഷ്യക്കടത്തിനെ ഫലപ്രദമായി നേരിടാൻ ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. അനുഭവങ്ങളും മികച്ച പ്രവർത്തന മാതൃകകളും പരസ്പരം പങ്കുവെക്കുന്നതിലൂടെ ഈ കുറ്റകൃത്യത്തിനെതിരായ ആഗോള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്തിനെതിരായ ദേശീയ പദ്ധതികളും ഇതുവരെ കൈവരിച്ച നേട്ടങ്ങളും അടിസ്ഥാനമാക്കി ഈ മേഖലയിൽ ബഹ്റൈന്റെ മുന്നേറ്റം തുടരുമെന്നും രാജ്യത്തിന്റെ അന്താരാഷ്ട്ര നിലവാരം കൂടുതൽ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ് വ്യക്തമാക്കി.


