
ബെംഗളൂരു: നന്തി ഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഫിസിയോതെറാപ്പിസ്റ്റായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരു ജയനഗർ സ്വദേശി സായ് സുരഭി (26) ആണ് മരിച്ചത്. യുവതിയുടെ മൃതദേഹത്തിനൊപ്പം മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് സ്വദേശി സഞ്ജിത് അലി (25) ആണെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ സഞ്ജിത് അലി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ചയാണ് നന്തി ഹിൽസിലെ ഹോംസ്റ്റേ മുറിയിൽ സായ് സുരഭിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ ചുറ്റിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു മൃതദേഹം. സമീപത്ത് സഞ്ജിത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തി.
മുറിയിൽ നിന്ന് നിരവധി ഉറക്കഗുളികകളും ഒരു ഡയറിയും പൊലീസ് കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ ഇരുവരും ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രാഥമിക നിഗമനങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മൂന്നു ദിവസം മുമ്പാണ് സഞ്ജിത് അലി ഹോംസ്റ്റേയിൽ മുറിയെടുത്തത്. പിന്നീട് സായ് സുരഭിയും അവിടെ എത്തിയതായാണ് വിവരം. തിങ്കളാഴ്ച ഇരുവരും മുറിയൊഴിയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുറത്തേക്ക് വരാത്തതിനെ തുടർന്ന് ഹോംസ്റ്റേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിലും യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയത്.
കോളേജ് പഠനകാലത്താണ് സായ് സുരഭിയും സഞ്ജിത് അലിയും തമ്മിൽ അടുപ്പത്തിലായതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഇരുവരും വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബം എതിർത്തതായാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് യുവതി വീട് വിട്ടിറങ്ങി സഞ്ജിതിനൊപ്പം താമസിച്ചിരുന്നതായും, പിന്നീട് പൊലീസ് കണ്ടെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം തുടരാനാണ് താൽപര്യമെന്ന് യുവതി അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഒരുമിച്ച് താമസിക്കുന്നതിനിടെ സഞ്ജിത് അലി സുരഭിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. യുവതിയെ ലഹരിക്കടിമയാക്കിയെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ ലഹരിപാർട്ടിയിൽവെച്ച് ഇരുവരെയും മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തതായും എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
ജാമ്യത്തിലിറങ്ങിയതിന് ശേഷം സായ് സുരഭിയെ കുടുംബം മൈസൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആറുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ യുവതി പിന്നീട് ബെംഗളൂരുവിലെത്തി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


