
പാലക്കാട്: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പാലക്കാട് മംഗലം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ ആറ് സ്പിൽവേ ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം തുറന്നു. ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
നിലവിൽ മംഗലം ഡാമിലെ ജലനിരപ്പ് 77.57 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മഴയുടെ തോതനുസരിച്ച് സ്പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി 60 സെന്റീമീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അണക്കെട്ടിന് സമീപ പ്രദേശങ്ങൾ, ഡാമിന്റെ താഴ്ഭാഗങ്ങൾ, പുഴയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പുഴയിലിറങ്ങുന്നതും മറ്റ് അപകടസാധ്യതയുള്ള പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.
സ്ഥിതിഗതികൾ ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


