
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണങ്ങളിൽ സതീശന് യാതൊരു പങ്കുമില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വീടുകൾ നിർമിക്കാൻ ധനസമാഹരണം നടത്തുന്നതിനായി വിഡി സതീശൻ വിദേശയാത്ര നടത്തിയെന്നും യാത്രയ്ക്കിടെ ഫണ്ട് സമാഹരിച്ചെന്നുമുള്ള ആരോപണത്തെ തുടർന്നാണ് മുൻ സർക്കാരിന്റെ നിർദേശപ്രകാരം വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
എറണാകുളം ആസ്ഥാനമായ സന്നദ്ധ സംഘടനയായ മണപ്പാട്ട് ഫൗണ്ടേഷൻ വഴിയാണ് പുനർജനി പദ്ധതി നടപ്പാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതിയുടെ ഫണ്ടുകൾ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളും എഫ്സിആർഎ അക്കൗണ്ടുകളും വഴിയാണ് കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വിഡി സതീശന് ഫണ്ട് ഇടപാടുകളുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണത്തിന് സാധിച്ചില്ലെന്ന് വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
കേസിനെ സിബിഐക്ക് വിടാനുള്ള മുൻ സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണമാറ്റത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതല്ലെന്നും ഫയലുകൾ വിശദമായി പരിശോധിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


