മനാമ: സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ വാഹന പരിശോധനാ കേന്ദ്രങ്ങളിലുമുള്ള വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കി പൂർണമായും ബഹ്റൈൻ പൗരന്മാർക്കായി മാറ്റിവെക്കണമെന്ന് പാർലമെന്റ് അംഗം ബദർ അൽ തമീമി ആവശ്യപ്പെട്ടു. നിലവിലുള്ള വിദേശ ജീവനക്കാർക്കു പകരം നിശ്ചിത സമയപരിധിക്കുള്ളിൽ പരിശീലനം ലഭിച്ച ബഹ്റൈനികളെ നിയമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വാഹനങ്ങളുടെ റോഡ് യോഗ്യത നിർണയിക്കുന്നതിലും ഡ്രൈവർമാർ, യാത്രക്കാർ, സ്വത്തുക്കൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വാഹന പരിശോധകർക്ക് നിർണായക ഉത്തരവാദിത്തമാണുള്ളതെന്ന് അൽ തമീമി പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഈ തസ്തിക നേരത്തെ ബഹ്റൈനികൾക്കായി മാത്രമാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങൾ വർധിച്ചതോടെ വിദേശ തൊഴിലാളികളുടെ നിയമനം കൂടുകയും സ്വദേശികളുടെ അവസരങ്ങൾ കുറയുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

