മലപ്പുറം: മഞ്ചേരി മാലാംകുളത്തെ വിജനവും ചെങ്കുത്തായതുമായ പ്രദേശത്തുനിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. തുടർന്ന് ഇവർ മഞ്ചേരി പോലീസിൽ വിവരമറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി, മലപ്പുറം ഡി.വൈ.എസ്.പി, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടിയാണോയെന്നും എത്ര വർഷത്തെ പഴക്കമുണ്ടെന്നും ഫോറൻസിക് പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്ത് കൂടുതൽ ശരീരാവശിഷ്ടങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

