അടൂർ: അടൂരിൽ യുവതി ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. അടൂർ ഏഴംകുളം സ്വദേശി അരുൺ, കെഎസ്ഇബിയിലെ താൽക്കാലിക ഡ്രൈവറായ ഇയാളെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 13-നാണ് ഷഹാനയെ അടൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്ന് അകന്നു താമസിച്ചിരുന്ന ഷഹാനയും അരുണും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവദിവസം രാത്രി വീട്ടിലെത്തിയ അരുണും ഷഹാനയും തമ്മിൽ വാക്കുതർക്കമുണ്ടായതായും, തുടർന്ന് അരുൺ ഷഹാനയെ മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഈ മർദനവും മാനസിക സമ്മർദവും ആത്മഹത്യയിലേക്ക് നയിച്ചതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും അധികൃതർ അറിയിച്ചു. സംഭവദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മർദനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും കേസെടുത്ത് അരുണിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

