കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി ദാരുണമായി മരിച്ചു. കക്കോടി സ്വദേശി സിറാജ് ആണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്താൻ ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്കിനുള്ളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തു.
എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇരുവരും ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു.

