
ചിക്കബള്ളാപുര്: കോടതിമുറിയിൽ ദുർമന്ത്രവാദം നടത്തിയെന്ന പരാതിയിൽ കർണാടകയിൽ 65കാരി അറസ്റ്റിൽ. ചിക്കബള്ളാപുരിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമുച്ചയത്തിലാണ് സംഭവം.
മഞ്ജുള എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയുടെ കസേരയിൽ വെളുത്ത വിത്തുകൾ വിതറിയെന്നാണ് പരാതി. കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

രണ്ട് ദിവസം മുമ്പ് കോടതിയിലെത്തിയ മഞ്ജുള ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർക്കെതിരെ കേസെടുത്തത്.
കോടതിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നേത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടക പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൽ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ആക്ട്, 2017 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ മഞ്ജുളയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


